
Dubai Police Warn Jaywalking in Road ദുബായ്: അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി അധികൃതർ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
സീബ്രാ ക്രോസിങ്, കാൽനടപ്പാലങ്ങൾ, മറ്റ് അംഗീകൃത ക്രോസിങ് സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് മാത്രമേ റോഡ് മുറിച്ചുകടക്കാവൂ. ട്രാഫിക് സിഗ്നലുകൾ അവഗണിക്കുന്നതും വാഹനങ്ങൾ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രത്യേകിച്ച് വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കാം. റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വാഹനങ്ങളുടെ നീക്കം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റോഡ് നിയമങ്ങൾ പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അധികൃതർ ഓർമിപ്പിച്ചു.