
New Ultomiris Use for Immune-Mediated Kidney Disease ദുബായ്: വൃക്കകളെ ബാധിക്കുന്ന പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗത്തിന്റെ ചികിത്സയ്ക്കായി പുതിയ ഉപയോഗത്തിന് ‘അൾട്ടോമിരിസ്’ (Ultomiris) മരുന്നിന് യുഎഇ ഉപാധികളോടെയുള്ള അംഗീകാരം നൽകി. ഈ പ്രത്യേക ചികിത്സാ ഉപയോഗത്തിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറിയെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) അറിയിച്ചു. പ്രൈമറി ഇമ്യൂണോഗ്ലോബുലിൻ എ നെഫ്രോപതി (IgAN) ബാധിച്ച, രോഗം പുരോഗമിക്കാൻ സാധ്യതയുള്ള മുതിർന്നവരിൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് കുറയ്ക്കുന്നതിനാണ് മരുന്നിന്റെ പുതിയ ഉപയോഗം.
എന്താണ് പുതിയ ചികിത്സയുടെ ലക്ഷ്യം?
അസ്ട്രാസെനെക്ക (AstraZeneca) വികസിപ്പിച്ച റാവുലിസുമാബ് (Ravulizumab) എന്ന ഘടകം അടങ്ങിയ മരുന്നാണ് അൾട്ടോമിരിസ്. പ്രൈമറി IgA നെഫ്രോപതി എന്നത് പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട വൃക്കരോഗമാണ്. രോഗപ്രതിരോധ പ്രോട്ടീൻ വൃക്കകളിലെ കോശങ്ങളിൽ അടിഞ്ഞുകൂടുന്നതിനെ തുടർന്ന് വീക്കം ഉണ്ടാകുകയും ക്രമേണ വൃക്കകളുടെ പ്രവർത്തനം കുറയുകയും ചെയ്യാം.
മൂത്രത്തിൽ പ്രോട്ടീന്റെ അളവ് ഉയരുന്നത് രോഗം പുരോഗമിക്കുന്നതിന്റെ പ്രധാന സൂചനകളിലൊന്നാണ്. ഈ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചികിത്സാ മാർഗങ്ങൾ രോഗനിയന്ത്രണത്തിൽ പ്രധാനമാണ്.
2022 മുതൽ യുഎഇയിൽ രജിസ്റ്റർ ചെയ്ത മരുന്ന്
അൾട്ടോമിരിസ് മരുന്ന് അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി 2022 മുതൽ യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ പുതിയ രോഗാവസ്ഥയ്ക്കുള്ള ഉപയോഗത്തിനാണ് ഉപാധികളോടെയുള്ള അംഗീകാരം ലഭിച്ചിരിക്കുന്നത്. പുതിയ അംഗീകാരം അർഹരായ രോഗികൾക്ക് ചികിത്സാ സാധ്യതകൾ വിപുലീകരിക്കുമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് വ്യക്തമാക്കി.
നേരത്തെയുള്ള രോഗനിർണയം പ്രധാനമെന്ന് അധികൃതർ
വൃക്കരോഗങ്ങൾ നേരത്തേ കണ്ടെത്തുകയും വൃക്കകളുടെ പ്രവർത്തനവും മൂത്രത്തിലെ പ്രോട്ടീന്റെ അളവും കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു. ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സാ പദ്ധതികൾ കൃത്യമായി പാലിക്കുന്നതും രോഗസങ്കീർണതകൾ കുറയ്ക്കുന്നതിന് പ്രധാനമാണ്.
എന്നാൽ ഈ മരുന്ന് എല്ലാ വൃക്കരോഗികൾക്കും അനുയോജ്യമാണെന്ന് അർഥമില്ല. രോഗിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയുടെ ആവശ്യകതയും വിലയിരുത്തിയ ശേഷം വിദഗ്ധ ഡോക്ടറാണ് മരുന്ന് ഉപയോഗിക്കണോ എന്ന് തീരുമാനിക്കേണ്ടത്. അംഗീകാരം ഉപാധികളോടെയുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.
ആരോഗ്യരംഗത്ത് യുഎഇയുടെ മുന്നേറ്റം
‘വി ദി യുഎഇ 2031’ ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായി ആരോഗ്യ-ഔഷധ മേഖലകളിൽ നവീകരണവും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ അംഗീകാരം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കിക്കൊണ്ട് നൂതന ചികിത്സകൾ രോഗികളിലേക്ക് വേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.