
ദുബായ്: ജോലി ചെയ്യാൻ ഇനി ഓഫീസിലോ വീട്ടിലോ ഇരിക്കണമെന്നില്ല. പച്ചപ്പും തടാകക്കാഴ്ചകളും നിറഞ്ഞ പാർക്കിലിരുന്നും ജോലി ചെയ്യാനുള്ള അവസരമൊരുക്കി ദുബായ്. ദുബായിലെ അൽ ബർഷ പോണ്ട് പാർക്കിൽ ആദ്യത്തെ ‘വർക്ക് ഫ്രം പാർക്ക്’ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് അമാനയുടെയും ലെറ്റ്സ്‌വർക്കിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ജോലിയും വിനോദവും ഒരുമിപ്പിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. പാർക്കിലെ തുറസ്സായ സ്ഥലങ്ങളിലും കെട്ടിടങ്ങളുടെ മുകൾഭാഗത്തും പ്രത്യേക വർക്ക്‌സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. പെർഗോളകൾക്ക് താഴെയുള്ള ഇരിപ്പിടങ്ങളും മേൽക്കൂരയിലെ വർക്ക് ഏരിയകളും പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം. ഇവിടങ്ങളിൽ ജോലി ചെയ്യാൻ മുൻകൂട്ടി ബുക്കിങ് ആവശ്യമില്ല. വൈഫൈ സൗകര്യവും ലഭ്യമാണ്.
അതേസമയം, കൂടുതൽ സൗകര്യങ്ങളോടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി എയർ കണ്ടീഷൻ ചെയ്ത ഇൻഡോർ കോ-വർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു ദിവസത്തെ വർക്ക്‌സ്‌പേസ് ഉപയോഗത്തിന് 50 ദിർഹമാണ് നിരക്ക്. സൗജന്യ കോഫിയും അതിവേഗ ഇന്റർനെറ്റും ഈ പാക്കേജിൽ ഉൾപ്പെടും. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനസമയം.
ഔദ്യോഗിക മീറ്റിങ്ങുകൾക്കും പ്രത്യേക സൗകര്യമുണ്ട്. ഒൻപത് പേർക്ക് വരെ ഇരിക്കാവുന്ന മീറ്റിങ് മുറികൾ മണിക്കൂർ അടിസ്ഥാനത്തിലോ ദിവസം മുഴുവനായോ ബുക്ക് ചെയ്യാം. മണിക്കൂറിന് 200 ദിർഹം മുതലാണ് നിരക്ക്. ദീർഘകാലം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഡെസ്‌കുകളും സ്വകാര്യ ഓഫീസുകളും ലഭ്യമാണ്.
ഫ്രീലാൻസർമാർ, വിദൂരമായി ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, സംരംഭകർ, ചെറുകിട സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം പുതിയ കേന്ദ്രം പ്രയോജനപ്പെടും. കുട്ടികൾക്ക് പാർക്കിൽ കളിക്കാനുള്ള സൗകര്യമുള്ളതിനാൽ മാതാപിതാക്കൾക്കും ജോലി ചെയ്യുന്നതിനൊപ്പം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം.
പൊതുപാർക്കുകളെ വിനോദത്തിനുള്ള ഇടങ്ങൾ എന്നതിലുപരി ജോലി ചെയ്യാനും സാമൂഹികമായി ഇടപഴകാനും കഴിയുന്ന ബഹുമുഖ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദുബായ് 2040 പാർക്സ് ആൻഡ് ഗ്രീനറി സ്ട്രാറ്റജിയുടെ ഭാഗമായും ഈ സംരംഭം നടപ്പാക്കുന്നു. പദ്ധതിയുടെ വിജയവും ജനങ്ങളിൽ നിന്നുള്ള പ്രതികരണവും വിലയിരുത്തിയ ശേഷം ദുബായിലെ മറ്റ് പാർക്കുകളിലേക്കും ഇത്തരം കേന്ദ്രങ്ങൾ വ്യാപിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്.