
Dubai Tourist Visa:ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ടൂറിസ്റ്റ് വീസയ്ക്കായി ഇനി ദുബായിയുടെ ഔദ്യോഗിക ടൂറിസം വെബ്സൈറ്റായ ‘വിസിറ്റ് ദുബായ്’ (Visit Dubai) വഴി നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. വീസ നടപടികൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. സാധാരണയായി മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ അപേക്ഷയിൽ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
30 ദിവസത്തെ സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് 200 ദിർഹം മുതലാണ് ഫീസ്. ഇതിന് പുറമെ അഞ്ച് ശതമാനം വാറ്റും ബാധകമാണ്. യാത്രയുടെ ആവശ്യവും കാലാവധിയും അനുസരിച്ച് വിവിധ വീസ വിഭാഗങ്ങൾ തിരഞ്ഞെടുക്കാം. 30, 60 ദിവസങ്ങളിലേക്കുള്ള സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വീസകൾക്കൊപ്പം അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസയ്ക്കും വെബ്സൈറ്റിൽ സൗകര്യമുണ്ട്. ഓരോ വീസ വിഭാഗത്തിനും അനുസരിച്ച് ഫീസിലും ആവശ്യമായ രേഖകളിലും വ്യത്യാസമുണ്ടാകും.
നിലവിൽ സർക്കാർ സംവിധാനങ്ങൾ, അംഗീകൃത ട്രാവൽ ഏജൻസികൾ, വിമാനക്കമ്പനികൾ എന്നിവ വഴിയാണ് ടൂറിസ്റ്റ് വീസയ്ക്കായി അപേക്ഷിക്കാനുള്ള സൗകര്യമുള്ളത്. ഇതിന് പുറമെയാണ് വിസിറ്റ് ദുബായ് വഴി നേരിട്ട് അപേക്ഷിക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. അപേക്ഷകൾ പരിശോധിച്ച് വീസ അനുവദിക്കുന്നതിനുള്ള ചുമതല ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്‌സിന് (GDRFA Dubai) തന്നെയായിരിക്കും.
അതേസമയം, 80ലേറെ രാജ്യങ്ങളിലെ പൗരന്മാർക്ക് ദുബായിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണ്. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് ദുബായിലേക്ക് പ്രവേശിക്കാൻ വീസ ആവശ്യമില്ല. എന്നാൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് നിശ്ചിത യോഗ്യതകൾക്ക് വിധേയമായി ഇ-വീസയ്ക്ക് അപേക്ഷിക്കാം.
വിനോദസഞ്ചാരികൾക്ക് വീസ അപേക്ഷ മുതൽ യാത്രാ ആസൂത്രണം വരെയുള്ള കാര്യങ്ങൾ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ എളുപ്പത്തിൽ നടത്താൻ അവസരമൊരുക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ദുബായിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷ.