
ദുബായ്: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവർമാരുടെ ക്ഷീണം മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുമായി യുഎഇയിൽ പുതിയ ഡ്രൈവിങ് നിയന്ത്രണം വരുന്നു. 24 മണിക്കൂറിനുള്ളിൽ പരമാവധി ഒമ്പത് മണിക്കൂർ മാത്രമേ വാഹനമോടിക്കാൻ അനുവദിക്കൂ. 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ട്രാഫിക് ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
2026ലെ കാബിനറ്റ് തീരുമാനം നമ്പർ 174 പ്രകാരമുള്ള പുതിയ ട്രാഫിക് നിയന്ത്രണങ്ങളുടെ ആർട്ടിക്കിൾ 7 (2) അനുസരിച്ചാണ് ഈ വ്യവസ്ഥ. 2024ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 14ന്റെ എക്സിക്യൂട്ടീവ് റെഗുലേഷന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
ഒമ്പത് മണിക്കൂർ എന്ന പരിധി പ്രൊഫഷണൽ ഡ്രൈവർമാർക്കോ ട്രക്ക് ഡ്രൈവർമാർക്കോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. യുഎഇയിലെ വാഹന ഡ്രൈവർമാർക്ക് പൊതുവായി ബാധകമായ വ്യവസ്ഥയാണിത്. ഡ്രൈവിങ് സമയപരിധിയിൽ മാറ്റം വരുത്താൻ ഫെഡറൽ ട്രാഫിക് കൗൺസിലിനും അധികാരമുണ്ട്.
ക്ഷീണമുണ്ടെങ്കിൽ ഡ്രൈവിങ് തുടരരുത്
ഒമ്പത് മണിക്കൂർ എന്ന പരമാവധി പരിധി അനുവദിക്കുന്നുണ്ടെങ്കിലും ക്ഷീണമോ തളർച്ചയോ കാരണം സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ഡ്രൈവർമാർ യാത്ര തുടരാൻ പാടില്ല. ഒമ്പത് മണിക്കൂർ പൂർത്തിയായിട്ടില്ലെങ്കിലും ക്ഷീണം അനുഭവപ്പെടുന്നവർ വാഹനം സുരക്ഷിതമായി നിർത്തി വിശ്രമിക്കണം.
2025ൽ ക്ഷീണം മൂലം 20 അപകടങ്ങൾ
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2025ൽ ഡ്രൈവർമാരുടെ ക്ഷീണവും ഉറക്കവും കാരണമായി 20 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 29ന് എമിറേറ്റ്സ് റോഡിലെ E611ൽ ഉറങ്ങിപ്പോയ ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം സുരക്ഷാ ബാരിയറിൽ ഇടിച്ച സംഭവത്തെത്തുടർന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
യാത്രയ്ക്ക് മുമ്പ് ആവശ്യത്തിന് വിശ്രമിക്കണമെന്നും ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ സുരക്ഷിതമായ സ്ഥലത്ത് വാഹനം നിർത്തണമെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ വാഹനയാത്രക്കാരോട് നിർദേശിച്ചു.
ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
തുടർച്ചയായ കോട്ടുവായിടൽ, കണ്ണുകൾക്ക് വേദനയും ക്ഷീണവും അനുഭവപ്പെടൽ, പ്രതികരണശേഷി കുറയുക, തല നേരെ പിടിക്കാൻ ബുദ്ധിമുട്ട് എന്നിവ ഡ്രൈവിങിനിടയിലെ ക്ഷീണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. വാഹനം ലെയിനിൽ നിന്ന് മാറിപ്പോകുക, വേഗതയിൽ നിയന്ത്രണമില്ലാത്ത മാറ്റങ്ങൾ ഉണ്ടാകുക, കഴിഞ്ഞ കുറച്ച് കിലോമീറ്ററുകൾ എങ്ങനെ ഓടിച്ചുവെന്ന് ഓർമയില്ലാതിരിക്കുക തുടങ്ങിയവയും അപകടസൂചനകളാണ്.
യാത്രയ്ക്ക് മുമ്പ് തുടർച്ചയായി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നും ഓരോ രണ്ട് മണിക്കൂർ ഡ്രൈവിങിനുശേഷവും കുറഞ്ഞത് 15 മിനിറ്റ് ഇടവേള എടുക്കണമെന്നും RoadSafetyUAE നിർദേശിക്കുന്നു.
ക്ഷീണം അനുഭവപ്പെടുമ്പോൾ സംഗീതം കേൾക്കുന്നതോ ജനൽ തുറന്ന് ശുദ്ധവായു സ്വീകരിക്കുന്നതോ താൽക്കാലികമായി മാത്രമേ സഹായിക്കൂ. ഉറക്കവും വിശ്രമവുമാണ് ക്ഷീണം മാറ്റാനുള്ള യഥാർഥ മാർഗമെന്നും സംഘടന ഓർമിപ്പിക്കുന്നു.
2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം യുഎഇയിലെ വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.