
Big Ticket UAE Winner;ദുബായ്: യുഎഇയിലെ പ്രമുഖ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിന്റെ 292-ാമത് സീരീസ് നറുക്കെടുപ്പിൽ വൻ ഭാഗ്യം തേടിയെത്തിയത് ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസി മീന സരീനെ. 2.5 കോടി ദിർഹത്തിന്റെ (Dh25 million) ഒന്നാം സമ്മാനമാണ് മീന സ്വന്തമാക്കിയത്. അബുദാബിയിൽ നടന്ന തത്സമയ നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്.
304251 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസത്തെ വിജയിയായ ഫിലിപ്പീൻസ് സ്വദേശിനി ബെർണഡെറ്റ് ഗനാവോ അസുസേനയാണ് വിജയിയെ തിരഞ്ഞെടുത്ത ടിക്കറ്റ് നറുക്കെടുത്തത്.
ഭർത്താവിനൊപ്പം ഷോപ്പിങ് മാളിലായിരിക്കെയാണ് മീനയ്ക്ക് വിജയവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺകോൾ ലഭിച്ചത്. വാർത്ത കേട്ടപ്പോൾ താൻ വിറയ്ക്കുകയായിരുന്നുവെന്നും എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നുവെന്നും മീന പ്രതികരിച്ചു.
യുഎഇ സമൃദ്ധിയും ഭാഗ്യവും നൽകുന്ന രാജ്യമാണെന്ന് തങ്ങൾ ശക്തമായി വിശ്വസിക്കുന്നതായും ഇപ്പോൾ ആ വിശ്വാസം കൂടുതൽ ഉറപ്പായെന്നും മീനയുടെ ഭർത്താവ് പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി മീന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. സമ്മാനത്തുക മൂന്ന് പേരടങ്ങുന്ന സംഘവുമായി പങ്കിടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
റേഞ്ച് റോവർ വെലാറും പ്രവാസിക്ക്
ഇത്തവണത്തെ ഡ്രീം കാർ പ്രമോഷനിൽ പുതിയ റേഞ്ച് റോവർ വെലാർ സ്വന്തമാക്കിയത് അൽ ഐനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ കാജ തൂലിയത്ത് മുഹമ്മദ് മൊല്ല തൂലിയത്താണ്. 025383 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ആഡംബര കാർ സമ്മാനമായി ലഭിച്ചത്.
അഞ്ച് പേർക്ക് 24 കാരറ്റ് സ്വർണ ബാർ
നറുക്കെടുപ്പിൽ അഞ്ച് പേർക്ക് 200 ഗ്രാം വീതമുള്ള 24 കാരറ്റ് സ്വർണ ബാറുകളും സമ്മാനമായി ലഭിച്ചു.
വിജയികൾ:
- എം.ഡി. സൈഫുൽ ഇസ്‌ലാം – ഷാർജ
- മുഹമ്മദ് മുസ്‌ലിം – അബുദാബി
- അൻഷാദ് വി.എം. – അൽ ഐൻ
- അഹമ്മദ് അൽ കെത്ബി – അൽ ദൈദ്
- ഷാഫി പൊക്കുളങ്ങര ബാപ്പുഹാജി – കേരളം
ബിഗ് സ്പിന്നിൽ മൂന്ന് പേർക്ക് സമ്മാനം
ബിഗ് സ്പിൻ മത്സരത്തിൽ പാകിസ്ഥാൻ സ്വദേശിയായ ഇനാം ഉൽ ഹുസ്നൈന് 50,000 ദിർഹം ലഭിച്ചു. ഈജിപ്ത് സ്വദേശിയായ ഗാസർ എലഗാമിയും ഇന്ത്യൻ പ്രവാസിയായ പ്രീതം കുമാർ സുഗ്രീവ് സിങ് പട്ടേലും ഒരു ലക്ഷം ദിർഹം വീതം സ്വന്തമാക്കി.
ഡിസംബർ 3ന് വീണ്ടും 2.5 കോടി ദിർഹത്തിന്റെ നറുക്കെടുപ്പ്
അടുത്ത ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് ഡിസംബർ 3ന് നടക്കും. അന്നും 2.5 കോടി ദിർഹമാണ് ഒന്നാം സമ്മാനം. കൂടാതെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതവും ലഭിക്കും.
പ്രതിവാര ഇ-നറുക്കെടുപ്പിൽ നാല് പേർക്ക് 25,000 ദിർഹം വീതവും സമ്മാനമായി ലഭിക്കും. നവംബറിൽ കുറഞ്ഞത് ഒരു ബിഗ് ടിക്കറ്റ് വാങ്ങിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് ജനുവരി 3ന് നടക്കുന്ന ബിഗ് സ്പിന്നിൽ പങ്കെടുക്കാനും ഒരാൾക്ക് പരമാവധി 10 ലക്ഷം ദിർഹം വരെ നേടാനും അവസരമുണ്ട്.
ഡിസംബർ 3ന് നിസാൻ പട്രോളും ജനുവരി 3ന് ബിഎംഡബ്ല്യു M440iയും ഡ്രീം കാർ സമ്മാനങ്ങളായി നൽകും.