WhatsApp Join WhatsApp Group

Kerala police child rescue ദൈവത്തിന്റെ കാക്കിയണിഞ്ഞ് അവർ എത്തി ; ആഴങ്ങളിൽ ശ്വാസത്തിനായി പിടിഞ്ഞ ഒരു കുരുന്നു ജീവനെ കൈവെള്ളയിൽ കോരി എടുത്തു, ‘സിയാന്’ ഇത് പുതു ജന്മം

Kerala police child rescue : ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ, ഓർക്കാൻ പോലും കഴിയാത്തൊരു ദുരന്തവാർത്തയാകുമായിരുന്നു അത്. എന്നാൽ, ദൈവത്തിന്റെ കൈകളുമായി കാക്കിയണിഞ്ഞവർ കൃത്യസമയത്ത് അവതരിച്ചപ്പോൾ, മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലെ ഒരു കുടുംബത്തിന് തിരികെ ലഭിച്ചത് അവരുടെ പ്രതീക്ഷയായ മകന്റെ ജീവനാണ്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരിച്ചിറയിലെ താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിന്റെ മകൻ, നാലുവയസ്സുകാരനായ സിയാൻ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കളിക്കിടയിൽ അപ്രതീക്ഷിതമായാണ് അവൻ കാൽവഴുതി ആഴമുള്ള കിണറ്റിലേക്ക് വീണത്. മകനെ കാണാതെ പരിഭ്രാന്തിയിലായ അമ്മയുടെ ഉള്ളുലയ്ക്കുന്ന നിലവിളി കേട്ടാണ്, മറ്റൊരു കേസ് അന്വേഷണത്തിന്റെ ഭാഗമായി അതുവഴി വന്ന മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ജീപ്പ് അവിടെ നിന്നത്.

അപകടം മണത്തറിഞ്ഞ സബ് ഇൻസ്പെക്ടർ അതുൽ പ്രേം ഉണ്ണിക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. ആറടിയോളം വെള്ളമുള്ള, അപകടകരമായ ആ കിണറ്റിൽ മുങ്ങിത്താഴുന്ന പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ഫയർഫോഴ്സിനെയോ സുരക്ഷാ സംവിധാനങ്ങളെയോ കാത്തുനിന്നാൽ ആ ജീവൻ പൊലിയുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. സ്വന്തം ജീവൻ പോലും നോക്കാതെ, കിണറ്റിലെ മോട്ടോർ പൈപ്പിൽ തൂങ്ങി അദ്ദേഹം ആ കിണറ്റിലേക്ക് ചാടിയിറങ്ങി. എസ്.ഐക്ക് ധൈര്യം പകർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് രാജനും രക്ഷാപ്രവർത്തനത്തിനായി ഒപ്പം കിണറ്റിലിറങ്ങി. മുകളിൽ നിന്ന് എ.എസ്.ഐ കെ.എസ് ഷിനു നാട്ടുകാരെ വിളിച്ചുകൂട്ടി കയറും ഗോവണിയും എത്തിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

കിണറ്റിന്റെ അടിത്തട്ടിൽ നിന്നും എസ്.ഐ കുട്ടിയെ വാരിയെടുക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. അനക്കമില്ലാത്ത ശരീരവുമായി മുകളിലെത്തുന്നത് വരെ കാത്തുനിൽക്കാതെ, ആ കിണറ്റിനുള്ളിലെ ഇടുങ്ങിയ സാഹചര്യത്തിൽ വെച്ചുതന്നെ അദ്ദേഹം കുട്ടിക്ക് കൃത്രിമ ശ്വാസം നൽകി. ആ സമയോചിതമായ ഇടപെടലാണ് സിയാന് ശ്വാസം തിരികെ നൽകിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ മുകളിലെത്തിക്കുകയും, ഒട്ടും സമയം കളയാതെ പോലീസ് ജീപ്പിൽ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
സ്വന്തം സുരക്ഷ പോലും നോക്കാതെ നടത്തിയ ആ ധീരമായ രക്ഷാപ്രവർത്തനത്തിന് അർഹിച്ച അംഗീകാരവും അവരെ തേടിയെത്തി. സിയാന് പുതുജീവൻ നൽകിയ മൂവാറ്റുപുഴ എസ്.ഐ അതുൽ പ്രേം ഉണ്ണി, എ.എസ്.ഐ കെ.എസ് ഷിനു, സീനിയർ സി.പി.ഒ രഞ്ജിത് രാജൻ എന്നിവരെ ജില്ലാ പോലീസ് മേധാവി അനുമോദന പത്രം നൽകി ആദരിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം, മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ ഈ പോലീസ് ഉദ്യോഗസ്ഥർ സേനയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

Related Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു