
Qatar Stock Market Weekly Gains : ദോഹ: തുടർച്ചയായ ആഴ്ചകളിലെ ഇടിവിന് വിരാമമിട്ട് ഖത്തർ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ഈ ആഴ്ച വ്യാപാരം അവസാനിച്ചപ്പോൾ വിപണി മൂല്യത്തിൽ 29.64 ബില്യൺ ഖത്തർ റിയാലിന്റെ വർധന രേഖപ്പെടുത്തി. ഇതോടെ വിപണിയുടെ ആകെ മൂല്യം 556.034 ബില്യൺ റിയാലായി ഉയർന്നു. കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഇത് 526.39 ബില്യൺ റിയാലായിരുന്നു.
ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പൊതുസൂചിക ഈ ആഴ്ച 6.27 ശതമാനം ഉയർന്നു. 540.08 പോയിന്റ് നേട്ടത്തോടെ സൂചിക 9,151 പോയിന്റിലെത്തി. വിപണിയിലെ എല്ലാ മേഖലകളും നേട്ടം രേഖപ്പെടുത്തി.
ഗതാഗത മേഖലയാണ് ഏറ്റവും കൂടുതൽ മുന്നേറിയത്. ഈ മേഖലയിൽ 7.04 ശതമാനം വർധനയുണ്ടായി. ബാങ്കിങ്, ധനകാര്യ സേവന മേഖല 6.63 ശതമാനം നേട്ടത്തോടെ രണ്ടാം സ്ഥാനത്തെത്തി.
വാങ്ങൽ താൽപര്യം തിരിച്ചെത്തിയതും വിപണിയിലെ പണമൊഴുക്ക് വർധിച്ചതും മുന്നേറ്റത്തിന് സഹായകമായതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
വിപണിയുടെ ഈ ആഴ്ചയിലെ പ്രകടനത്തെക്കുറിച്ച് ഖത്തർ ന്യൂസ് ഏജൻസിയായ ഖനയോട് സംസാരിച്ച സാമ്പത്തിക വിശകലന വിദഗ്ധൻ മുബാറക് അൽ തമീമി, പൊതുസൂചിക 9,165 മുതൽ 9,300 പോയിന്റ് വരെയുള്ള പ്രതിരോധ പരിധിക്കുള്ളിൽ ചാഞ്ചാട്ടത്തോടെയാണ് വ്യാപാരം നടത്തിയതെന്ന് പറഞ്ഞു.
മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെട്ട അനുകൂല അന്തരീക്ഷവും മധ്യസ്ഥശ്രമങ്ങൾ ശക്തമായതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.