
Kuwait Uncovers Citizenship Forgery Case കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു കേസ് പുറത്തുവന്നു. മരിച്ചുപോയ ഒരു കുവൈത്ത് പൗരന്റെ പൗരത്വ രേഖയിൽ വ്യാജമായി ഉൾപ്പെടുത്തിയ വ്യക്തിയിലൂടെ 75 പേരുടെ പൗരത്വ ബന്ധം സംശയനിഴലിലായതായി റിപ്പോർട്ട്. കുടുംബബന്ധം വ്യാജമായി രേഖപ്പെടുത്തി പൗരത്വം നേടിയെന്ന സംശയത്തെ തുടർന്നാണ് അധികൃതർ അന്വേഷണം നടത്തിയത്.
1975ൽ മരിച്ച കുവൈത്ത് പൗരന്റെ കുടുംബരേഖയിലാണ് തട്ടിപ്പ് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമായിരുന്നു യഥാർഥ മക്കൾ. എന്നാൽ പിന്നീട് മറ്റൊരാളെ കൂടി മകനായി പൗരത്വ രേഖയിൽ ഉൾപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
യഥാർഥ കുടുംബത്തിലെ ഒരു കൊച്ചുമകൻ നൽകിയ വിവരമാണ് വർഷങ്ങൾ പഴക്കമുള്ള തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. തന്റെ മുത്തച്ഛന്റെ സഹോദരനെന്ന നിലയിൽ രേഖകളിൽ ഉൾപ്പെടുത്തിയിരുന്ന വ്യക്തി യഥാർഥത്തിൽ കുടുംബാംഗമല്ലെന്നായിരുന്നു പരാതി.
പഴയ രേഖകളും ജനിതക പരിശോധനയും നിർണായകമായി
പരാതിയുടെ അടിസ്ഥാനത്തിൽ പൗരത്വ അന്വേഷണ വിഭാഗം പഴയ പൗരത്വ രേഖകൾ, 1965ലെ ജനസംഖ്യാ കണക്കെടുപ്പ്, അനന്തരാവകാശ രേഖകൾ എന്നിവ പരിശോധിച്ചു. ഇതോടൊപ്പം ഡിഎൻഎ പരിശോധനയും ഗൾഫ് രാജ്യങ്ങളിലെ തിരിച്ചറിയൽ രേഖകളുടെ പരിശോധനയും നടത്തി.
യഥാർഥ മക്കൾ 1962ലും 1964ലും കുവൈത്ത് പൗരത്വം നേടിയപ്പോൾ ആരോപണവിധേയനായ വ്യക്തിയുടെ പേര് അവരുടെ മൊഴികളിലോ പഴയ രേഖകളിലോ ഉണ്ടായിരുന്നില്ല. ഇയാൾ 1967ലാണ് മറ്റൊരു വ്യക്തിയുടെ മകനാണെന്ന് അവകാശപ്പെട്ട് കുടുംബത്തിന്റെ പൗരത്വ ഫയലിൽ ഉൾപ്പെട്ടതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സ്വന്തം സഹോദരനെ മകനായി രേഖപ്പെടുത്തി
അന്വേഷണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. പൗരത്വ രേഖയിൽ ഇയാൾക്ക് പത്ത് മക്കളുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പരിശോധനയിൽ ആറുപേർ മാത്രമാണ് യഥാർഥ മക്കളെന്ന് കണ്ടെത്തി. ബാക്കിയുള്ള നാലുപേരെ വ്യാജമായി ചേർത്തതാണെന്നാണ് റിപ്പോർട്ട്.
ഇവരിൽ ഒരാൾ ഇയാളുടെ യഥാർഥ സഹോദരനായിരുന്നു. എന്നാൽ കുവൈത്തിലെ ഔദ്യോഗിക രേഖകളിൽ ഇയാളെ മകനായാണ് ഉൾപ്പെടുത്തിയിരുന്നത്. ഗൾഫ് രാജ്യത്തെ തിരിച്ചറിയൽ രേഖകളിൽ ഇയാൾക്ക് മറ്റൊരു പേരും വ്യക്തിവിവരങ്ങളുമുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഡിഎൻഎ പരിശോധനയും പഴയ രേഖകളുടെ താരതമ്യവും കുടുംബബന്ധങ്ങളിലെ പൊരുത്തക്കേടുകൾ പുറത്തുകൊണ്ടുവരാൻ സഹായിച്ചു.
കേസുമായി ബന്ധപ്പെട്ട് 75 ആശ്രിതരുടെ പൗരത്വ രേഖകളും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. പൗരത്വ തട്ടിപ്പ് തടയുന്നതിനും പഴയ രേഖകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുമായി കുവൈത്ത് അധികൃതർ നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് നടപടി.