
Kerala Women Rescued in Ras Al Khaimah;റാസൽഖൈമ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച മൂന്ന് മലയാളി യുവതികളടക്കം നാല് പേരെ പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്ന് പൊലീസ് രക്ഷപ്പെടുത്തി. ആലപ്പുഴ, തൃശൂർ സ്വദേശികളായ മൂന്ന് മലയാളികളെയും തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിനിയെയുമാണ് റാസൽഖൈമ പൊലീസും ഇന്ത്യൻ അസോസിയേഷനും ചേർന്ന് മോചിപ്പിച്ച് നാട്ടിലേക്ക് അയച്ചത്.
നഴ്സ്, ഫിസിയോതെറപ്പിസ്റ്റ് തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്ത് പ്രതിമാസം 2,500 ദിർഹം ശമ്പളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് യുവതികളെ സന്ദർശക വീസയിൽ യുഎഇയിലെത്തിച്ചത്. ബഹ്റൈനിൽ 15 വർഷത്തെ തൊഴിൽപരിചയമുള്ള യുവതിയും തട്ടിപ്പിനിരയായവരിൽ ഉൾപ്പെടുന്നു.
എന്നാൽ റാസൽഖൈമയിലെത്തിയതോടെ യുവതികളെ ഒരു കേന്ദ്രത്തിൽ താമസിപ്പിക്കുകയും അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്തതായാണ് വെളിപ്പെടുത്തൽ. ഇതിന് വിസമ്മതിച്ചപ്പോൾ മർദിക്കുകയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തതായി രക്ഷപ്പെട്ട യുവതികൾ പറഞ്ഞു. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം മറ്റൊരു ആവശ്യത്തിനാണ് തങ്ങളെ എത്തിച്ചതെന്ന് നടത്തിപ്പുകാർ വ്യക്തമാക്കിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇവർ തിരിച്ചറിഞ്ഞത്.
തുടർന്ന് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ റാസൽഖൈമ ഇന്ത്യൻ അസോസിയേഷന്റെ സഹായം തേടിയതോടെയാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമായത്.
താമസസ്ഥലം മാറ്റി പൊലീസിനെ കബളിപ്പിക്കാൻ ശ്രമം
വിവിധ എമിറേറ്റുകളിൽ ശാഖകളുള്ള സംഘം ഇടയ്ക്കിടെ താമസസ്ഥലം മാറ്റിയിരുന്നതിനാൽ യുവതികളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി. ഒടുവിൽ അസോസിയേഷൻ ഭാരവാഹികൾ ഇടപാടുകാരെന്ന വ്യാജേന സംഘത്തിന്റെ നടത്തിപ്പുകാരെ ഫോണിൽ ബന്ധപ്പെട്ടു. ഇവർ അയച്ചുനൽകിയ ചിത്രങ്ങളിൽനിന്നാണ് യുവതികളെ തിരിച്ചറിഞ്ഞത്.
റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ. സലീം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേന്ദ്രത്തിൽ റെയ്ഡ് നടത്തി യുവതികളെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഒളിവിലാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
നാട്ടിലേക്ക് മടക്കയാത്രയും സഹായവും
പൊലീസ് നടപടികൾ പൂർത്തിയാക്കിയശേഷം നാല് യുവതികളെയും നാട്ടിലേക്ക് തിരിച്ചയച്ചു. വീസ കാലാവധി അവസാനിക്കാറായിരുന്ന രണ്ടുപേരെ തിങ്കളാഴ്ചയും ശേഷിച്ച രണ്ടുപേരെ ബുധനാഴ്ചയുമാണ് നാട്ടിലെത്തിച്ചത്.
രക്ഷപ്പെടുത്തിയ യുവതികൾക്ക് ആവശ്യമായ ഭക്ഷണം, താമസസൗകര്യം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകൾ എന്നിവ റാസൽഖൈമ ഇന്ത്യൻ അസോസിയേഷനാണ് സൗജന്യമായി ഒരുക്കിയത്.
വിദേശത്ത് ജോലി തേടുന്നവർ തൊഴിൽവാഗ്ദാനങ്ങളുടെ വിശ്വാസ്യതയും റിക്രൂട്ട്മെന്റ് ഏജൻസികളുടെ അംഗീകാരവും വീസയുടെ സ്വഭാവവും ഉറപ്പാക്കിയശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.