New Rules for Driving Licence Renewals യുഎഇ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് പുതിയ നിബന്ധനകൾ;10 വർഷത്തിലേറെയായി കാലാവധി കഴിഞ്ഞവ പുതുക്കാൻ വീണ്ടും പരീക്ഷ എഴുതണം

New Rules for Driving Licence Renewals ദുബൈ: പത്ത് വർഷത്തിലേറെയായി കാലാവധി കഴിഞ്ഞ യുഎഇ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് പുതിയ നിബന്ധനകൾ. 2027 ജനുവരി ഒന്ന് മുതൽ ലൈസൻസ് പുതുക്കാൻ ആഗ്രഹിക്കുന്നവർ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വിജയിക്കണം. പുതിയ ഫെഡറൽ ട്രാഫിക് നിയമത്തിലെ വ്യവസ്ഥ പ്രകാരമാണിത്.

2026ലെ ക്യാബിനറ്റ് തീരുമാനം നമ്പർ 174 പ്രകാരമുള്ള ഫെഡറൽ ഡിക്രി നിയമം നമ്പർ 14ന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈസൻസ് കാലാവധി കഴിഞ്ഞ് പത്ത് വർഷത്തിലധികമായവർക്കാണ് പുതിയ പരീക്ഷാ നിബന്ധന ബാധകമാകുക. ലൈസൻസ് ആദ്യമായി ലഭിച്ചിട്ട് എത്ര വർഷമായി എന്നതല്ല, കാലാവധി കഴിഞ്ഞിട്ട് എത്ര വർഷമായി എന്നതാണ് കണക്കാക്കുക.

തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ നിർബന്ധം

പത്ത് വർഷത്തിലേറെയായി പുതുക്കാത്ത ലൈസൻസുകൾ പുതുക്കാൻ ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റി നിശ്ചയിക്കുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വിജയിക്കണം. ഇതോടൊപ്പം ലൈസൻസ് പുതുക്കുന്നതിനുള്ള മറ്റ് നിബന്ധനകളും പാലിക്കണം.

എന്നാൽ പുതിയ നിയമം എല്ലാവരും വീണ്ടും തുടക്കം മുതൽ ഡ്രൈവിങ് പരിശീലനം നടത്തണമെന്നോ നിർബന്ധിത പരിശീലന മണിക്കൂറുകൾ പൂർത്തിയാക്കണമെന്നോ വ്യവസ്ഥ ചെയ്യുന്നില്ല. പരീക്ഷകളുടെ കുറഞ്ഞ ആവശ്യകതകൾ ഫെഡറൽ ട്രാഫിക് കൗൺസിൽ നിശ്ചയിക്കും. ദുബൈയിൽ പത്ത് വർഷത്തിലേറെയായി കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതിന് നിലവിൽ തന്നെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇവാലുവേഷൻ ടെസ്റ്റ് ആവശ്യപ്പെടുന്നുണ്ട്.

ലേണർ പെർമിറ്റിന് ആറുമാസം വരെ കാലാവധി

ഡ്രൈവിങ് പഠിക്കുന്നവർക്കുള്ള ലേണർ പെർമിറ്റിന്റെ കാലാവധിയിലും മാറ്റമുണ്ട്. നിലവിലെ മൂന്ന് മാസത്തെ കാലാവധി ആറുമാസം വരെയാക്കി ഉയർത്താൻ പുതിയ നിയമം അനുമതി നൽകുന്നു. ആവശ്യാനുസരണം പെർമിറ്റ് പുതുക്കാനും സാധിക്കും. എന്നാൽ എല്ലാ പെർമിറ്റുകൾക്കും നിർബന്ധമായും ആറുമാസം കാലാവധി നൽകണമെന്നല്ല നിയമം വ്യക്തമാക്കുന്നത്. പരമാവധി ആറുമാസം വരെയാണ് അനുവദിക്കുക.

ഡ്രൈവിങ് പരിശീലനത്തിനിടെ വാഹനത്തിൽ പഠിക്കുന്ന വ്യക്തിക്കും അംഗീകൃത പരിശീലകനും മാത്രമേ ഉണ്ടാകാവൂ. വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ പഠിതാവിന് കഴിയുമെന്ന് പരിശീലകന് ഉറപ്പായ ശേഷമേ ജനവാസ മേഖലകളിലെ റോഡുകളിൽ വാഹനം ഓടിക്കാൻ അനുവദിക്കാവൂ. 1997ലെ പഴയ മന്ത്രാലയ ഉത്തരവിന് പകരമായാണ് പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ വരുന്നത്. 2027 ജനുവരി ഒന്നിന് പുതിയ നിയമം പ്രാബല്യത്തിൽ വരും.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Dubai Medias - WordPress Theme by WPEnjoy