
Sexual assault case ന്യൂഡൽഹി: ഡൽഹിയിൽ 20 വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ മലയാളിയെ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. കണ്ണൂർ സ്വദേശിയായ സജീർ പള്ളി മൂപ്പനെയാണ് (38) യുഎഇ അധികൃതർ നിയമനടപടികൾ പൂർത്തിയാക്കി ഡൽഹി പൊലീസിന് കൈമാറിയത്. നവംബർ നാലിന് പ്രതിയുമായി പൊലീസ് സംഘം ന്യൂഡൽഹിയിലെത്തി.
ഡൽഹി പൊലീസിന്റെ ആവശ്യപ്രകാരം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ഇന്റർപോൾ മുഖേന റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് യുഎഇ അധികൃതർ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിബിഐ, ഡൽഹി പൊലീസ്, യുഎഇ അധികൃതർ എന്നിവരുടെ ഏകോപനത്തോടെയാണ് കൈമാറ്റ നടപടികൾ പൂർത്തിയാക്കിയത്.
കേസ് 2025 ഒക്ടോബറിലേത്
2025 ഒക്ടോബർ ഒന്നിന് ഡൽഹിയിലെ പഞ്ചാബി ബാഗിലുള്ള ഒരു ലോഞ്ചിൽ കമ്പനി ജീവനക്കാരുടെ ജന്മദിനാഘോഷത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 20 വയസ്സുകാരിയായ യുവതിക്ക് മദ്യവും ലഹരിവസ്തുക്കളും നിർബന്ധിച്ച് നൽകിയശേഷം അബോധാവസ്ഥയിലായ യുവതിയെ കരോൾ ബാഗിലെ ഹോട്ടലിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ മറ്റൊരാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് യഥാർഥ വിവരങ്ങൾ മറച്ചുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധനയിലും ഫോറൻസിക് പരിശോധനയിലും ലഭിച്ച തെളിവുകൾ പരാതിയെ പിന്തുണയ്ക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ജനുവരിയിൽ ഇന്ത്യ വിട്ടു
സംഭവത്തിനുശേഷം പ്രതി ഇന്ത്യ വിട്ട് യുഎഇയിലെത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. 2026 ജനുവരി അഞ്ചിനാണ് ഇയാൾ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് പോയത്. തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി ഡൽഹി പൊലീസ് അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെ സഹായം തേടി.
2026 ജൂലൈ ഏഴിന് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് യുഎഇയിൽ പ്രതിയുടെ സാന്നിധ്യം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒക്ടോബർ ഒമ്പതിന് അബുദാബിയിലെ ബന്ധപ്പെട്ട അധികാരികൾ ഇന്ത്യയുടെ കൈമാറ്റ അഭ്യർഥന അംഗീകരിച്ചു.
ഒക്ടോബർ 31ന് ഡൽഹി പൊലീസിന്റെ മൂന്നംഗ സംഘം യുഎഇയിലെത്തി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നവംബർ നാലിന് പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുപോയി.
വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തി ഇന്ത്യയിലെത്തിക്കുന്നതിൽ ഇന്റർപോളുമായും വിദേശ അന്വേഷണ ഏജൻസികളുമായും സഹകരണം ശക്തമാക്കിയിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു. 2019 മുതൽ ഇതുവരെ 278-ലധികം പിടികിട്ടാപ്പുള്ളികളെ വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതായും സിബിഐ വ്യക്തമാക്കി.