
Indian Expat Arrested in Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്ന് മണ്ണിനടിയിൽ കുഴിച്ചിട്ട് ഉപഭോക്താക്കൾക്ക് ഫോണിലൂടെ ലൊക്കേഷൻ അയച്ചുനൽകി വിൽപ്പന നടത്തിയിരുന്ന ഇന്ത്യൻ പൗരനെ കുവൈത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽനിന്നും ഇയാളുടെ താമസസ്ഥലത്തുനിന്നുമായി 52 പാക്കറ്റ് മെത്താംഫെറ്റാമൈൻ (ഷാബു) പിടിച്ചെടുത്തു.
ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള ഉദ്യോഗസ്ഥർ മുശ്രിഫ് മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. മരങ്ങൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ട പൊലീസ് സംഘം ഇയാളുടെ അടുത്തേക്ക് നീങ്ങി. ഇതോടെ കൈവശമുണ്ടായിരുന്ന സുതാര്യമായ പ്ലാസ്റ്റിക് കവർ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. പരിശോധനയിൽ കവറിൽ മയക്കുമരുന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സമാനമായ ഒൻപത് പാക്കറ്റുകൾ കൂടി ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ ജാബ്രിയയിലെ താമസസ്ഥലത്ത് കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് നേരിട്ട് കൈമാറുന്നതിനുപകരം നിശ്ചിത സ്ഥലങ്ങളിൽ മയക്കുമരുന്ന് മണ്ണിനടിയിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു ഇയാളുടെ രീതി. തുടർന്ന് ഒളിപ്പിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ മൊബൈൽ ഫോൺ വഴി ഉപഭോക്താക്കൾക്ക് അയച്ചുനൽകും. ഇവർ അവിടെനിന്ന് മയക്കുമരുന്ന് ശേഖരിക്കുകയായിരുന്നു.
ജാബ്രിയയിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ പാക്കറ്റുകൾ കണ്ടെത്തി. ഇതോടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ആകെ എണ്ണം 52 ആയി. പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് മയക്കുമരുന്ന് വ്യാപനവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.