Qatar KMCC Office Robbery ഖത്തർ കെ.എം.സി.സി ഓഫിസ് കവർച്ച: പ്രതികൾ രാജ്യം വിടാൻ സാധ്യത, നാലു പേർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ

Qatar KMCC Office Robbery ഖത്തർ കെ.എം.സി.സി ഓഫിസിൽ നടന്ന വൻ കവർച്ചാ കേസിൽ ഒളിവിലുള്ള നാല് പ്രതികൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ബോംബെ ഷാജി എന്ന ഷാജഹാൻ, കുന്നുമ്മൽ ഹസ്സൻ എന്ന അസയിനാർ, കുന്നുമ്മൽ അബ്ദുൽ റസാഖ്, അലയാറിൽ അബ്ദുൽ നിസാർ എന്നിവർക്കെതിരെയാണ് നടപടി. പ്രതികൾ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്.

കേസിൽ നേരത്തേ കീഴടങ്ങിയ പ്രതിയും കൊയിലാണ്ടി സ്വദേശിയുമായ ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി കരിപ്പൂർ വിമാനത്താവളം ഉൾപ്പെടെ പ്രതികൾ സഞ്ചരിച്ച സ്ഥലങ്ങളിലും ഗൂഢാലോചന നടന്നതായി സംശയിക്കുന്ന കേന്ദ്രങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തി. ബാലകൃഷ്ണൻ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി.

നാല് പ്രധാന പ്രതികളെ പിടികൂടിയാൽ മാത്രമേ കവർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഖത്തറിലെ കെ.എം.സി.സി ഓഫിസിൽ വൻ കവർച്ച

2025 സെപ്റ്റംബർ 18നാണ് ഖത്തറിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫിസിൽ കവർച്ച നടന്നത്. ഓഫിസിലെ ജീവനക്കാരനായ റൂംബോയിയെ കെട്ടിയിട്ട ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്താണ് സംഘം പണം കവർന്നത്. ഏകദേശം എട്ട് കോടി രൂപയുടെ കവർച്ച നടന്നതായാണ് റിപ്പോർട്ട്.

സംഭവത്തിൽ കൊയിലാണ്ടി സ്വദേശിയായ പ്രാദേശിക ബി.ജെ.പി നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങിയിരുന്നു. കവർച്ചയ്ക്കായി ഖത്തറിലെത്തിച്ച സംഘത്തിൽ താനുമുണ്ടായിരുന്നുവെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണങ്ങളും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്.

കൂടുതൽ പേരിലേക്ക് അന്വേഷണം

കവർച്ചയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ആരോപണങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളും ബോംബെ ഷാജിയുടേതടക്കമുള്ളതായി പുറത്തുവന്ന ഫോൺ സംഭാഷണങ്ങളും കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സൂചന നൽകുന്നതായാണ് റിപ്പോർട്ട്.

ഖത്തർ കെ.എം.സി.സിയുമായി ബന്ധമുള്ള ചില ഉന്നതർക്കും കവർച്ചയിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇവരുടെ പങ്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ആരോപണങ്ങളിൽ വ്യക്തത വരുത്താൻ കൂടുതൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Dubai Medias - WordPress Theme by WPEnjoy