
Faking Expiry Dates on Imported Fish കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ ഉൽപ്പാദന തീയതിയിലും കാലാവധി തീയതിയിലും കൃത്രിമം കാട്ടിയെന്ന കേസിൽ കുവൈത്തിൽ 27 പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര മത്സ്യവിപണിയിൽ നടത്തിയ പരിശോധനയിൽ കാലാവധി തീയതികൾ തിരുത്തിയ 894 പെട്ടി മത്സ്യവും 16 ശീതീകരിച്ച ചരക്കുവാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.
വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള വ്യാജരേഖാ നിർമാണം തടയുന്നതിനുള്ള വിഭാഗമാണ് കേസ് അന്വേഷിച്ചത്.
ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ പെട്ടികളിലെ ഉൽപ്പാദന തീയതിയും കാലാവധി തീയതിയും മാറ്റി പുതിയ ലേബലുകൾ പതിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. മത്സ്യത്തിന്റെ യഥാർഥ കാലാവധി നീട്ടിക്കാണിച്ച് ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും കമ്പനികൾക്കും കടകൾക്കും വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് പ്രത്യേക സംഘം കേന്ദ്ര മത്സ്യവിപണിയിൽ പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. വ്യാജ ലേബലുകൾ രൂപകൽപ്പന ചെയ്യാനും അച്ചടിക്കാനും ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികൾ ഒരു പ്രിന്റിങ് കമ്പനിയുടെ സഹായത്തോടെയാണ് കാലാവധി തീയതികൾ മാറ്റിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് കമ്പനികളുടെ വിലാസങ്ങളിൽ നടത്തിയ പരിശോധനയിൽ അവിടെ യഥാർഥ വ്യാപാര പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ലെന്നും കണ്ടെത്തി. രജിസ്റ്റർ ചെയ്ത വിലാസങ്ങൾ മാത്രമായിരുന്നു ഇവയെന്നും അധികൃതർ വ്യക്തമാക്കി.
അറസ്റ്റിലായവരെയും പിടിച്ചെടുത്ത മത്സ്യവും വാഹനങ്ങളും മറ്റ് തെളിവുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഉപഭോക്തൃ സുരക്ഷയും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.