Kuwait Security Campaign in Jahra : ജഹ്റയിൽ സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത്; താമസനിയമം ലംഘിച്ച അഞ്ച് പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ സുരക്ഷാ പരിശോധനയിൽ താമസനിയമം ലംഘിച്ച അഞ്ച് പേർ അറസ്റ്റിലായി. സ്വകാര്യ വീടുകളിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരെയാണ് പിടികൂടിയത്. ഒളിച്ചോട്ടക്കേസുമായി ബന്ധപ്പെട്ട് തിരയുകയായിരുന്ന ഒരാളെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

അൽ നസീം, അൽ ഖസർ, അൽ വഹാ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നെഗറ്റീവ് പ്രവണതകൾ തടയുന്നതിനുള്ള സമിതിയും കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജലം-പുനരുപയോഗ ഊർജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയും സംയുക്തമായി പരിശോധനയിൽ പങ്കെടുത്തു.

പരിശോധനയിൽ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് റിപ്പോർട്ടുകളും മുനിസിപ്പാലിറ്റി ചട്ടലംഘനങ്ങൾക്ക് നാല് റിപ്പോർട്ടുകളും വൈദ്യുതി-ജല മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ വരുന്ന നിയമലംഘനങ്ങൾക്ക് രണ്ട് റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു.

ഇതിനുപുറമെ മൂന്ന് പലചരക്ക് കടകളും ബാച്ചിലർമാരുടെ രണ്ട് താമസസ്ഥലങ്ങളും അധികൃതർ നിരീക്ഷിച്ചു. കണ്ടെത്തിയ നിയമലംഘനങ്ങളിൽ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Dubai Medias - WordPress Theme by WPEnjoy