
Baby Sleep Gripe Water Recall;
ദുബായ്: കുഞ്ഞുങ്ങളുടെ ഉറക്കത്തിനും വയറുവേദന, ഗ്യാസ് തുടങ്ങിയ അസ്വസ്ഥതകൾക്കും ആശ്വാസം നൽകുമെന്ന് അവകാശപ്പെടുന്ന ബേബി സ്ലീപ്പ് ഗ്രൈപ്പ് വാട്ടറിൽ ലേബലിൽ വെളിപ്പെടുത്താത്ത മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഉൽപ്പന്നത്തിന്റെ ഒരു ബാച്ച് വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു. യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് (EDE) നടപടി സ്വീകരിച്ചത്. കുഞ്ഞുങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് അധികൃതർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
ഏത് ഉൽപ്പന്നമാണ് തിരിച്ചുവിളിച്ചത്?
‘Babies’ Magic Tea – Baby Sleep Gripe Water’ എന്ന ഉൽപ്പന്നത്തിന്റെ ഒരു പ്രത്യേക ബാച്ചാണ് തിരിച്ചുവിളിച്ചത്. ഉൽപ്പന്നത്തിൽ വെളിപ്പെടുത്താത്ത ആൽക്കഹോൾ ഘടകങ്ങൾ കണ്ടെത്തിയതിനു പുറമെ യുഎഇയിൽ സാധുവായ വിപണന അനുമതിയും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
2026-ലെ അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ നമ്പർ 45 പ്രകാരമാണ് നടപടി. ദുബായ് ഹെൽത്ത് അതോറിറ്റിയും (DHA) ആരോഗ്യസ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കും ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
മൂന്ന് തരത്തിലുള്ള ആൽക്കഹോൾ കണ്ടെത്തി
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) പരിശോധനയിൽ ഉൽപ്പന്നത്തിൽ ലേബലിൽ രേഖപ്പെടുത്താത്ത മൂന്ന് ആൽക്കഹോൾ ഘടകങ്ങൾ കണ്ടെത്തിയിരുന്നു.
- എത്തനോൾ (Ethanol) – 8.3 ശതമാനം
- മെഥനോൾ (Methanol) – 0.35 ശതമാനം
- ഐസോപ്രൊപ്പനോൾ (Isopropanol) – 0.48 ശതമാനം
25122bw എന്ന ബാച്ച് നമ്പറിലുള്ള ഉൽപ്പന്നമാണ് തിരിച്ചുവിളിക്കലിന് വിധേയമായിരിക്കുന്നത്. 2028 ഡിസംബർ വരെയാണ് ഈ ബാച്ചിന്റെ കാലാവധി.
കുഞ്ഞുങ്ങൾക്ക് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം?
ഇത്തരം ആൽക്കഹോൾ ഘടകങ്ങൾ കുഞ്ഞുങ്ങളുടെ കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കാമെന്നാണ് മുന്നറിയിപ്പ്. ഉൽപ്പന്നത്തിന്റെ നിർദേശിച്ച അളവിൽ ഉപയോഗിച്ചാൽ പോലും അമിതമായ മയക്കം, ശരീരത്തിന്റെ ഏകോപനക്കുറവ്, പെരുമാറ്റത്തിലെ മാറ്റങ്ങൾ, ഓക്കാനം, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
അമിതമായ അളവിൽ ശരീരത്തിലെത്തിയാൽ ശ്വസനപ്രവർത്തനം മന്ദഗതിയിലാകുന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്ന് FDA മുന്നറിയിപ്പ് നൽകി. കുഞ്ഞുങ്ങളിൽ എത്തനോൾ സമ്പർക്കം ദീർഘകാല വളർച്ചാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
തിരിച്ചുവിളിച്ച ബാച്ചിലുള്ള ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്തണം. വാങ്ങിയ കടയിൽ തിരിച്ചുനൽകി പണം തിരികെ വാങ്ങുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് FDA നിർദേശിച്ചിട്ടുണ്ട്. ഉൽപ്പന്നം ഉപയോഗിച്ചതിനുശേഷം കുഞ്ഞുങ്ങളിൽ അസ്വസ്ഥതകളോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
ഇതുവരെ ഈ പ്രത്യേക ബാച്ച് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നിർമ്മാതാവ് അറിയിച്ചതായും FDA വ്യക്തമാക്കിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കാവുന്ന ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അവയുടെ അംഗീകാരവും ചേരുവകളും കൃത്യമായി പരിശോധിക്കണമെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ നടപടി.