
UAE to Allow Two Vehicles Without Extra Fees ദുബൈ: യു.എ.ഇയിൽ വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ട്രാഫിക് നിയമപ്രകാരം ഒരാൾക്ക് രണ്ട് വാഹനങ്ങൾ വരെ അധിക ഫീസില്ലാതെ രജിസ്റ്റർ ചെയ്യാനോ പുതുക്കാനോ കഴിയും. മൂന്നാമത്തെ വാഹനം മുതൽ ഓരോന്നിനും അധിക ഫീസ് നൽകണം.
ഒരു വ്യക്തിയുടെ പേരിൽ പരമാവധി അഞ്ച് വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാനോ പുതുക്കാനോ കഴിയൂ. മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും വാഹനങ്ങൾക്ക് അധിക ഫീസ് ബാധകമായിരിക്കും. അധിക ഫീസ് അടച്ചാലും അഞ്ച് വാഹനങ്ങളിൽ കൂടുതൽ രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ടാകില്ല.
ഈ നിയന്ത്രണം കുടുംബാടിസ്ഥാനത്തിലല്ല, ഓരോ വ്യക്തിക്കും പ്രത്യേകം ബാധകമാണ്. അതായത്, ഒരേ കുടുംബത്തിലെ ഓരോ അംഗത്തിനും രണ്ട് വാഹനങ്ങൾ വീതം അധിക ഫീസില്ലാതെ രജിസ്റ്റർ ചെയ്യാം. കമ്പനികളുടെ വാഹന രജിസ്ട്രേഷന് ഇതേ രീതിയിലുള്ള എണ്ണപരിധി പുതിയ വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടില്ല.
അധിക ഫീസ് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല
മൂന്നാമത്തെ വാഹനം മുതൽ ഈടാക്കുന്ന അധിക ഫീസിന്റെ നിരക്ക് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ അഞ്ചിലധികം വാഹനങ്ങൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും പുതിയ ചട്ടത്തിൽ വിശദീകരിച്ചിട്ടില്ല. ഇവർക്കായി പ്രത്യേക ഇളവോ വാഹനങ്ങൾ കൈമാറുന്നതിനുള്ള സമയപരിധിയോ പ്രഖ്യാപിച്ചിട്ടില്ല.
വാഹന രജിസ്ട്രേഷനും പുതുക്കലിനുമുള്ള അപേക്ഷകൾ ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റി അറിയിക്കുന്ന ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴിയോ ആപ്പുകൾ വഴിയോ സമർപ്പിക്കണം.
വലതുവശത്ത് സ്റ്റിയറിങ് ഉള്ള വാഹനങ്ങൾക്ക് നിയന്ത്രണം
പുതിയ ചട്ടപ്രകാരം വലതുവശത്ത് സ്റ്റിയറിങ് വീലുള്ള വാഹനങ്ങൾക്ക് യു.എ.ഇയിൽ രജിസ്ട്രേഷൻ അനുവദിക്കില്ല. ഇത്തരം വാഹനങ്ങൾ പ്രദർശന ആവശ്യങ്ങൾക്കായി മാത്രമേ അനുവദിക്കൂ. ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കും ലൈസൻസ് ലഭിക്കില്ല.
2026ലെ കാബിനറ്റ് തീരുമാനം നമ്പർ 174ന്റെ ആർട്ടിക്കിൾ 89ലാണ് വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2024ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 14ന്റെ ഭാഗമായി പുറത്തിറക്കിയ ട്രാഫിക് നിയന്ത്രണ ചട്ടങ്ങളുടെ എക്സിക്യൂട്ടീവ് റെഗുലേഷനിലാണ് ഈ നിബന്ധനകൾ ഉൾപ്പെടുന്നത്. പഴയ ഗതാഗത ചട്ടങ്ങൾക്ക് പകരമായാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.
ഗതാഗതക്കുരുക്കും റോഡ് സുരക്ഷയും സംബന്ധിച്ച ചർച്ചകളിൽ വാഹന ഉടമസ്ഥതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദേശം നേരത്തേ ഉയർന്നിരുന്നു. തിരക്കേറിയ സമയങ്ങളിൽ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ വ്യവസ്ഥ.